Dileep’s political thriller Ramaleela release date is here

 

ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം രാമലീല ജൂലൈ ഏഴിന് തിയറ്ററുകളിലെത്തും. പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡഹിറ്റിന് ശേഷം ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന സിനിമ നവാഗതനായ അരുൺഗോപിയാണ് സംവിധാനം ചെയ്യുന്നത്. ഒരേ മുഖം, ഫുക്രി എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന പ്രയാഗ മാർട്ടിനാണ് ചിത്രത്തിലെ നായിക. രാധിക ശരത്കുമാറാണ് ദിലീപിന്റെ അമ്മ വേഷത്തിൽ അഭിനയിക്കുന്നത്. സഖാവ് രാഗിണി എന്നാണ് കഥാപാത്രത്തിന്റെ പേര്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് രാധിക മലയാളത്തിലേക്ക് തിരിച്ചെത്തുന്നതെന്നത് ശ്രദ്ധേയമാണ്.

ദിലീപ് എംഎൽഎ ആയാണ് രാമലീലയിൽ എത്തുന്നത് . ലയൺ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ശക്തനായ രാഷ്ട്രീയ നേതാവായി ദിലീപ് എത്തുന്നു എന്നതാണ് ചിത്രത്തിൻറെ പ്രത്യേകത. വെള്ള ഷർട്ടും മുണ്ടും ധരിച്ചുള്ള ദിലീപിന്റെ കട്ട കലിപ്പ് ലുക്കുമായി രാമലീലയുടെ പോസ്റ്റർ ആദ്യമേ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സലിം കുമാർ, മുകേഷ്,സിദ്ദിഖ്, വിജയരാഘവന്‍,കലാഭവന്‍ ഷാജോണ്‍ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സച്ചിയുടേതാണ് തിരക്കഥ. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ബിജിപാലാണ്  സംഗീതം നൽകിയിരിക്കുന്നത്. അതേസമയം ദിലീപിന്റെ ഏറ്റവും വലിയ പ്രോജക്ടായ കുമാര സംഭവത്തിന്റെ റിലീസ് ഡേറ്റ് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

Leave a Reply