Godha Movie Leaks Online: Piracy hits Mollywood

മലയാള സിനിമയ്ക്ക് വലിയ ഒരു വെല്ലുവിളിയുമായി പൈറസി മാറിയിരിക്കുന്നു. പണ്ടൊക്കെ വ്യാജ സിഡികൾ സിനിമ പുറത്തിറങ്ങി കുറച്ച് നാളുകൾക്ക് ശേഷമാണ് ഇറങ്ങിയിരുന്നത്. അതിനാൽ തന്നെ ആ കാലഘട്ടത്തിൽ വ്യാജ സിഡികൾ മലയാള സിനിമകളെ അത്രത്തോളം ബാധിച്ചിരുന്നില്ല. പക്ഷെ ഇപ്പോഴത്തെ സ്ഥിതി തികച്ചും വിപരീതമാണ്. ഇപ്പൊൾ സിനിമ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തീയേറ്റര്‍ പ്രിന്റ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. ഇത് മലയാളം സിനിമയ്ക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.

ആയിരം കോടി ക്ലബ്ബിൽ ഇടം നേടിയ പുലിമുരുഗന്റെ വരെ തിയറ്ററിൽ റിലീസായി രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ വ്യാജപ്രിന്റ് ഇറങ്ങി. ഇപ്പോൾ സിനിമ ഇറങ്ങി ഒന്ന്, രണ്ട് ദിവസത്തിനുള്ളിൽ തന്നെ വ്യാജ പതിപ്പുകൾ ഇറങ്ങുന്നുണ്ട്. ഇത് കൂടുതലും ബാധിക്കുന്നത് ചെറിയ ബജറ്റ് സിനിമകളും പരീക്ഷണ ചിത്രങ്ങളെയുമാണ്. ഇപ്പോൾ തന്നെ ലക്ഷ്യം, സി.ഐ.എ, ഗോദ എന്നിവയുടെ ഒക്കെ വ്യാജ പതിപ്പുകൾ റിലീസായി കഴിഞ്ഞു.

ഇത്തരത്തിൽ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ടൊവീനോ തോമസ് ചിത്രം ‘ഗോദ’യുടെ നിര്‍മ്മാതാവ് സി.വി.സാരഥി രംഗത്തെത്തി. വ്യാജപതിപ്പ് ‘അഭിമാനത്തോടെ’ ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുന്ന ചിലര്‍ മറ്റുചില നടന്മാരുടെ ആരാധകരാണെന്ന് അവകാശപ്പെടുന്നുവെന്നും ചലച്ചിത്രവ്യവസായത്തെത്തന്നെ തകര്‍ക്കുന്ന നടപടി സ്വീകരിക്കുന്നവര്‍ക്ക് എങ്ങനെ ഒരു നടന്റെ ആരാധകരെന്ന് അവകാശപ്പെടാന്‍ സാധിക്കുമെന്നും സാരഥി ചോദിക്കുന്നു. ഫേസ്ബുക്കില്‍ എഴുതിയ വിശദമായ കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.

Leave a Reply