Jeethu Joseph’s Latest interview about Pranav Mohanlal is Here

 

 

നീണ്ട കാത്തിരിപ്പിനൊടുവില്‍ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറുന്നു എന്ന വാര്‍ത്ത ആരാധകര്‍ ആവേശപൂര്‍വ്വമാണ് ഏറ്റെടുത്തത്. പ്രണവ് നായകനായി എത്തുന്ന ആദ്യ ചിത്രം നിര്‍മിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. ഇതിനിടെ പ്രണവിനെക്കുറിച്ച് ജിത്തു ജോസഫ് ക്ലബ് എംഎഫിനോട് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിൽ പ്രണവ് അസിസ്റ്റന്റ് ഡയറക്ടറായി എത്തിയ സാഹചര്യത്തെക്കുറിച്ചും പ്രണവ് എന്ന വ്യക്തിത്വത്തെക്കുറിച്ചും ജിത്തു ജോസഫ് വിവരിക്കുന്നു. സുരേഷ് ബാലാജി സാർ ആവശ്യപ്പെട്ടത് പ്രകാരമാണ് പ്രണവ് ആ സിനിമയിൽ എത്തിയതെന്നും മോഹൻലാൽ എന്ന നടന്റെ മകൻ എന്നുള്ള രീതിയിൽ അല്ല അദ്ദേഹം ജീവിക്കുന്നതെന്നും ജിത്തു ജോസഫ് പറയുന്നു. പ്രണവിന്റെ തന്റേതായ വ്യക്തിത്വം ഉണ്ട്. യാത്ര ചെയ്യാൻ ഏറെ ഇഷ്ടമുള്ള ആളാണെന്നും 150 രൂപയുടെ ലോഡ്‌ജിൽ വരെ താമസിക്കാൻ പ്രണവിന് യാതൊരു മടിയുമില്ലെന്നും ജിത്തു പറയുന്നു. ലൈഫ് ഓഫ് ജോസൂട്ടിയിൽ വിളിച്ച സമയത്ത് തനിക്ക് കുറച്ച് പൈസയുടെ ആവശ്യം ഉണ്ടെന്നും അതിനാൽ ഉറപ്പായും എത്തുമെന്നായിരുന്നു പ്രണവിന്റെ പ്രതികരണമെന്നും ജിത്തു കൂട്ടിച്ചേർക്കുന്നു.

പ്രണവിന്റെ അരങ്ങേറ്റത്തിനായി ജീത്തു ജോസഫ് ഒരുക്കുന്നത് ഒരു ക്രൈം ത്രില്ലറാണെന്നാണ് ലഭിക്കുന്ന വിവരം. പ്രണവിന്റെ സിനിമാ പ്രവേശം സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ തന്നെയാണ് അറിയിച്ചതും. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രത്തിനായി പ്രണവ് പാര്‍ക്കൗര്‍ പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. മലയാളത്തിൽ  ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്ത  ദൃശ്യത്തിന്റെ  തമിഴ് റീമേക്ക് പാപനാശത്തിലും ലൈഫ് ഓഫ് ജോസൂട്ടിയിലും  പ്രണവ് സഹസംവിധായകനായിരുന്നു.

Leave a Reply