Mohanlal to Sport Two Different Getup in Velipadinte Pusthakam

മലയാളികളുടെ ഏറെ നാളത്തെ കാത്തിരിപ്പാണ് മോഹന്‍ലാലും സംവിധായകന്‍ ലാല്‍ജോസും ഒന്നിക്കുക എന്നുള്ളത്. വെളിപാടിന്റെ പുസ്തകത്തിലൂടെ പ്രേക്ഷകരുടെ കാത്തിരിപ്പിനു വിരാമമിടുകയാണ് ഇവർ. ഇപ്പോഴിത ആരാധർക്ക് മറ്റൊരു സന്തോഷ വാർത്ത കൂടി. ലാൽ ജോസ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വെളിപാടിന്റെ പുസ്തകത്തിൽ മോഹൻലാൽ രണ്ട് ഗെറ്റപ്പിൽ എത്തുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മധ്യവയസ്‌കനായ കോളജ് അധ്യാപകനായും മറ്റൊന്ന് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സ്റ്റൈലിലുമാണ് മോഹൻലാൽ എത്തുകയെന്നാണ് സൂചന.

രണ്ടു ഷെഡ്യൂൾ ആയിട്ടായിരിക്കും മോഹൻലാൽ ഈ ചിത്രം പൂർത്തിയാക്കുക. മെയ് 25 നു ജോയിൻ ചെയ്യുന്ന മോഹൻലാൽ ജൂൺ പകുതിയോട് കൂടി വില്ലന്റെ മൂന്നാം ഷെഡ്യൂൾ അഭിനയിക്കാൻ പോകും. അതിനു ശേഷം ജൂൺ 25 നു മോഹൻലാൽ വീണ്ടും വെളിപാടിന്റെ പുസ്തകത്തിന്റെ സെറ്റിലേക്ക് മടങ്ങി എത്തും.

ബെന്നി പി. നായരമ്പലം തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. മൈക്കിള്‍ ഇടിക്കുളയായാണ് മോഹന്‍ലാല്‍ എത്തുന്നത്. അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

അങ്കമാലി ഫെയിം അന്നാ രേഷ്മയാണ് ഈ ചിത്രത്തിലെ നായിക. പ്രിയങ്ക മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനൂപ് മേനോന്‍, സിദ്ദിഖ്, സലിംകുമാര്‍, കലാഭവന്‍ ഷാജോണ്‍, ശിവജി ഗുരുവായൂര്‍, ശരണ്യ, ശരത്കുമാര്‍ (അപ്പാനി രവി), അരുണ്‍ (ആനന്ദം ഫെയിം), സ്വപ്ന തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു.

വയലാര്‍ ശരത്ചന്ദ്രവര്‍മ, റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ, അനില്‍ പനച്ചൂരാന്‍, മനു മഞ്ജിത്ത് എന്നിവരാണ് ഗാനരചയിതാക്കള്‍. സംഗീതം ഷാന്‍ റഹ്മാന്‍. ഛായാഗ്രഹണം വിഷ്ണു ശര്‍മ. മാക്‌സ് ലാബ് റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

Leave a Reply