Jayasurya and Ranjith Shankar Reunites: This time for Punyalan Agarbathees 2

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പർഹിറ്റ് ചിത്രം പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗം എത്തുന്നു. ജയസൂര്യയും രഞ്ജിത്ത് ശങ്കറും തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. തിരക്കഥ പൂർത്തിയായ സിനിമയുടെ ഷൂട്ടിങ് ഉടൻ തുടങ്ങാനാണ് പദ്ധതി.

പുണ്യാളൻ അഗർബത്തീസ് പുറത്തിറങ്ങി കഴിഞ്ഞ നാല് വര്‍ഷമായി ഈ ഒരു പ്രോജ്ക്ടിനെക്കുറിച്ച് നിരന്തരം ആലോചിക്കുന്നുണ്ടായിരുന്നെന്ന് രഞ്ജിത് ശങ്കർ പറയുന്നു. ‘പുണ്യാളന്‍’ ചെയ്തകാലം മുതലുള്ള സ്വപ്‌നമാണ് ചിത്രമെന്നും പ്രേക്ഷകപ്രതീക്ഷകളെ തൃപ്തിപ്പെടുത്തുന്ന ഒന്നായിരിക്കും സിനിമയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃപ്തികരമായ ഒരു കഥ ഇപ്പോഴാണ് കിട്ടിയതെന്ന് ജയസൂര്യ പറഞ്ഞു. തൃശൂര് തന്നെയായിരിക്കും പ്രധാനലൊക്കേഷൻ. മറ്റുതാരങ്ങളെയോ അണിയറപ്രവർത്തകരെയോ തീരുമാനിച്ചിട്ടില്ല.

രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും ചെയ്തു 2013ൽ പുറത്തിറങ്ങിയ ചിത്രമാണ് പുണ്യാളൻ അഗർബത്തീസ്. ആനപ്പിണ്ടത്തില്‍നിന്ന് ചന്ദനത്തിരിയുണ്ടാക്കി ജീവിതവിജയം കണ്ടെത്തിയ ജോയ് താക്കോല്‍ക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചത്.   ജയസൂര്യ, നൈല ഉഷ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം നിർമിച്ചത് ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നായിരുന്നു. പുണ്യാളൻ, സുധി വാത്മീകം, പ്രേതം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

അജു വര്‍ഗീസ്, നൈല ഉഷ, ശ്രീജിത്ത് രവി, ഇന്നസെന്റ് തുടങ്ങി ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങള്‍ ‘പുണ്യാളനി’ലുണ്ടായിരുന്നു. അവരില്‍ എത്രപേര്‍ ‘ജോയ് താക്കോല്‍ക്കാര’ന്റെ രണ്ടാംവരവില്‍ ഒപ്പമുണ്ടാവുമെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.

 

Leave a Reply